District News
മാനന്തവാടി: 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് അടിസ്ഥാനരഹിതമാണെന്ന് പ്രതികളുടെ ബന്ധുക്കൾ.
പെണ്‍കുട്ടിയുടെ അച്ഛനും മാനന്തവാടി പോലീസും ചേർന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതികളിലൊരാളുടെ അമ്മ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. ജൂലൈ 12ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയെന്ന പിതാവിന്റെ പരാതിയിൽ മാനന്തവാടി പോലീസ് ആറുപേരെ അറസ്റ്റ് ചെയ്യുകയും കോടതി ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ അന്ന് അത്തരത്തിലുള്ള യാതൊരു കുറ്റകൃത്യങ്ങളും നടന്നിട്ടില്ലെന്നാണ് പ്രതികളുടെ ബന്ധുക്കൾ പറയുന്നത്. സംഭവദിവസം രാത്രി ഒന്‍പതിന് പെണ്‍കുട്ടി തന്റെ സുഹൃത്തായ ജനിലിയയ്ക്കൊപ്പം രക്ഷിതാക്കളുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഭക്ഷണം കഴിക്കാൻ പോയതെന്ന് ബന്ധുക്കൾ പറയുന്നു.
തട്ടിക്കൊണ്ടുപോയതിനോ ഭീഷണിപ്പെടുത്തിയതിനോ ഉള്ള തെളിവുകൾ പ്രതികളുടെ ഫോണുകളിൽ നിന്നോ മറ്റോ ലഭിച്ചിട്ടില്ല. കൂടാതെ പെണ്‍കുട്ടിക്ക് നേരേ ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങളോ നിർബന്ധിച്ച് മദ്യപിപ്പിക്കലോ ഉണ്ടായിട്ടില്ലെന്നും ഇവർ അവകാശപ്പെട്ടു. 13ന് വാഹനാപകടം നടന്ന വിവരം അറിഞ്ഞിട്ടും വീട്ടുകാർ ആദ്യം പരാതി നൽകിയിരുന്നില്ല. എന്നാൽ അപകടത്തിന് പിന്നാലെ ലഹരി മാഫിയ ബന്ധം ആരോപിച്ച് വാർത്തകൾ വന്നോടെ പെണ്‍കുട്ടിക്കെതിരേ നിയമനടപടി ഉണ്ടാകുമോ എന്ന ഭയത്താലാണ് പിതാവ് പിന്നീട് വ്യാജ പരാതി നൽകിയതെന്നാണ് പ്രതികളുടെ കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ശബരിമല സന്നിധാനത്തെ മുറികളുടെയും അവ അനുവദിക്കുന്നതിന്റെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു ഹൈക്കോടതി നിര്‍ദേശം. ആകെ മുറികളുടെ എണ്ണം, മുറി അനുവദിക്കുന്നതിലെ നടപടിക്രമങ്ങള്‍, ചുമതലയുള്ള ഉദ്യോഗസ്ഥര്‍, സുരക്ഷാസംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് പത്തു ദിവസത്തിനകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
ഇതുസംബന്ധിച്ച 2025ലെ ഉത്തരവുകള്‍ എങ്ങനെ നടപ്പാക്കിയെന്ന വിവരവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. പമ്പയില്‍ മദ്യം കണ്ടെത്തിയതടക്കം ശബരിമലയുമായി ബന്ധപ്പെട്ട ഗുരുതര നിയമലംഘനങ്ങളില്‍ സമഗ്രാന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു.
പമ്പയിലെ മരാമത്ത് കോംപ്ലക്സില്‍ താമസിച്ചിരുന്ന ദേവസ്വം ബോര്‍ഡിലെ ആംബുലന്‍സ് ഡ്രൈവര്‍ സജീഷ് കുമാറിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ 4.5 ലിറ്റര്‍ വിദേശമദ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മിഥുനമാസ പൂജയുമായി ബന്ധപ്പെട്ടു പ്രത്യേക കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടിലാണു മദ്യം കണ്ടെത്തിയ സംഭവമടക്കം പരാമര്‍ശിച്ചിട്ടുള്ളത്.
ഇയാള്‍ കൈവശം വച്ചിരുന്ന 25 മുറികള്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ വാടകയ്ക്കു നല്‍കിയിരുന്നു. ഇതുസംബന്ധിച്ച തെളിവുകളും രേഖകളും ഹാജരാക്കാന്‍ ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ക്കു കോടതി നിര്‍ദേശം നല്കി. ഒരാള്‍ ദീര്‍ഘകാലം ഒരിടത്തു തുടര്‍ന്നാല്‍ അഴിമതിക്കും അധികാര ദുരുപയോഗത്തിനും കാരണമാകുമെന്ന് നിരീക്ഷിച്ച കോടതി 15 വര്‍ഷമായി സന്നിധാനത്ത് തുടര്‍ച്ചയായി ആംബുലന്‍സ് ഡ്രൈവര്‍ ജോലി ചെയ്തതും അനധികൃതമായി മുറികള്‍ വാടകയ്ക്കു നല്കിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിരുവിതാംകൂര്‍ ബോര്‍ഡിന്റെ വിശദീകരണം തേടി.
കോടതി ഉത്തരവ് ലംഘിച്ചു ഭക്തരെ സന്നിധാനത്തേക്കും പമ്പയിലേക്കും ട്രാക്ടറുകളില്‍ കൊണ്ടുപോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ അവയുടെ പെര്‍മിറ്റ് റദ്ദാക്കുകയും ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഡ്രൈവര്‍മാര്‍ക്കു ബോധവത്കരണം നല്‍കണമെന്നും നിര്‍ദേശിച്ചു. ഹര്‍ജി വീണ്ടും 17ന് പരിഗണിക്കും.